റിയാദ്: കേളി കുടുംബവേദി അൽ അബീർ മെഡിക്കൽ സെന്റർ ഷുമേസിയുടെ സഹകരണത്തോടെ സ്തനാർബുദ ബോധവത്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ഒക്ടോബർ - സ്തനാർബുദ ബോധവത്കരണ മാസമായ "പിങ്ക് മാസം' ആചരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
സ്തനാർബുദത്തിന്റെ തുടക്കഘട്ടത്തിൽ തന്നെ രോഗനിർണയം നടത്താനും ഗവേഷണം പ്രോത്സാഹിപ്പിക്കാനും പൊതുജനങ്ങളിൽ ബോധവത്കരണം വളർത്താനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു. അൽ അബീർ മെഡിക്കൽ സെന്ററിലെ ഡോ. ആയിഷ തരിഖ് ബോധവത്കരണ ക്ലാസെടുത്തു.
വൈകിയുള്ള പ്രസവം, മുലയൂട്ടൽ ഒഴിവാക്കൽ, ഹോർമോൺ മരുന്നുകളുടെ ദീർഘകാല ഉപയോഗം, പാരമ്പര്യം എന്നിവ രോഗസാധ്യത കൂട്ടുന്ന ഘടകങ്ങളാണെന്നും പ്രത്യേകിച്ച് പ്രവാസികളിൽ വ്യായാമമില്ലായ്മ, അമിതമായ ഫാസ്റ്റ് ഫുഡ് ഉപയോഗം, ഉറക്കക്കുറവ്, മാനസിക സമ്മർദം എന്നിവയും അപകടസാധ്യത വർധിപ്പിക്കുന്നുവെന്നും ഡോക്ടർ വിശദീകരിച്ചു. നിരവധി വനിതകൾ ക്യാമ്പ് പ്രയോജനപ്പെടുത്തി.
ഡോക്ടർമാരായ മരിയ മെക്ലൻ, സൈമ ഇഖ്ബാൽ എന്നിവർ മോഡറേറ്റർമാരായിരുന്നു. കേളി കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ്, സെക്രട്ടറി സീബ കൂവോട്, ട്രഷറർ ശ്രീഷ സുകേഷ്, വൈസ് പ്രസിഡന്റ് വി.എസ്. സജീന, ജോയിന്റ് സെക്രട്ടറിമാരായ ഗീത ജയരാജ്, സിജിൻ കൂവള്ളൂർ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ, വിജില ബിജു, ജി.പി. വിദ്യ, വി.കെ. ഷഹീബ, സന്ധ്യ രാജ്, അൽ അബീർ മാർക്ക്കിംഗ് സൂപ്രവൈസർ ജോബി ജോസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.